BLDC Fan

Tuesday, December 22, 2020 ·

എന്തുകൊണ്ടു് നാം ഇനിമുതൽ BLDC ഫാനുകൾ ഉപയോഗിക്കണം?

സാധാരണ  ഫാനുകളിൽ ഉപയോഗിക്കുന്നതു്  സിംഗിൾ ഫേസ് ഇൻഡൿഷൻ മോട്ടോർ ആണു്. ഡിസൈൻ  ചെലവും നിർമ്മാണച്ചെലവും വളരെ കുറഞ്ഞ ഇത്തരം ഫാനുകൾ ഒരു നൂറ്റാണ്ടോളമായി   നമുക്കു പരിചിതമാണു്. ഇക്കാലത്തിനിടയിൽ ഏറ്റവും മികച്ച ഡിസൈനുകളും  മെറ്റീരിയലുകളും നിർമ്മാണരീതികളും വഴി അവയുടെ ഏറ്റവും സാദ്ധ്യമായ  ഊർജ്ജക്ഷമതയിൽ നാം എത്തിക്കഴിഞ്ഞു. ഇനിയും മെച്ചപ്പെട്ട ഊർജ്ജക്ഷമത  അതിൽനിന്നും നേടാനാവില്ല.

ഇൻഡൿഷൻ  മോട്ടോറുകളുടെ ഏറ്റവും വലിയ പരിമിതി, ഒരു നിശ്ചിത വോൾട്ടേജിലും  ആവൃത്തിയിലും അവയുടെ വേഗം പൂജ്യം മുതൽ മാക്സിമം വരെ നമുക്കു് അഡ്ജസ്റ്റ്  ചെയ്യാൻ ആവില്ല എന്നതാണു്. ഉദാഹരണത്തിനു് നാം സാധാരണ ഉപയോഗിക്കുന്ന സീലിംഗ്  ഫാനുകളുടെ സ്പീഡ് 50 rpm മുതൽ 350 rpm വരെ  (നാലോ അഞ്ചോ സെറ്റിംഗുകളിൽ)  ആവാം. ഇങ്ങനെ സ്പീഡ് നിയന്ത്രിക്കുന്നതിനു് നാം ഒരു റെസിസ്റ്റർ റെഗുലേറ്ററോ  ട്രയാൿ റെഗുലേറ്ററോ ആണു് ഉപയോഗിക്കുന്നതു്. ഫലത്തിൽ സ്പീഡ് ക്രമീകരിക്കാൻ  ഫാനിലേക്കുള്ള വോൾട്ടേജിനെ മാത്രമാണു് നാം ഉപയോഗിക്കുന്നതു്. ആകെ  ഊർജ്ജത്തിൽ ഒരു നല്ല ഭാഗം റെഗുലേറ്ററിൽ തന്നെ നഷ്ടപ്പെട്ടുപോവുന്നു. (അതും  ചൂട് ആയിത്തന്നെ!).

ഇതിനു  പുറമേ ഒരു ഫാൻ സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഓടിത്തുടങ്ങാനായിട്ടു് ഒരു  സ്റ്റാർട്ടിങ്ങ് കോയിൽ ആവശ്യമുണ്ടു്. ഇതിന്റെ ഭാഗമായി ഒരു കപ്പാസിറ്ററും  ഉണ്ടാകും. മിക്ക ഫാനുകളിലും ഓടിക്കൊണ്ടിരിക്കുമ്പോഴും ഈ കപ്പാസിറ്റർ -  കോയിൽ സർക്യൂട്ടിലൂടെയും വൈദ്യുതി ഒഴുകിക്കൊണ്ടിരിക്കും. ഏറ്റവും നല്ല  ഊർജ്ജക്ഷമതയ്ക്കു് യോജിച്ചതല്ല ഇത്തരം സർക്യൂട്ടുകൾ.

പുതുതായി  ഘടിപ്പിച്ച ഒരു ഫാൻ തുടക്കത്തിൽ ഏകദേശം 80 വാട്ട് പവർ ചെലവാക്കുമെങ്കിലും  പഴക്കം ചെല്ലുമ്പോൾ കപ്പാസിറ്റർ, വൈൻഡിങ്ങ് തുടങ്ങിയവയിൽ ഉണ്ടാകുന്ന  വിവിധപ്രശ്നങ്ങൾ മൂലം കൂടുതൽ വൈദ്യുതി ഉപയോഗിക്കും. ഇതിന്റെ ഫലമായി  വൈൻഡിങ്ങുകൾ ചൂടാവുകയും ഫാനിന്റെ യഥാർത്ഥവേഗം കുറയുകയും ഒച്ച കൂടുകയും  മറ്റും ചെയ്യും.

എന്നാൽ സാദാ ഇൻഡൿഷൻ മോട്ടോറുകൾക്കു പകരം നവീനരീതിയിലുള്ള മോട്ടോറുകൾ ഉപയോഗിച്ചാൽ, ആധുനികമായ  ഇലൿട്രോണിൿ ഘടകങ്ങൾ വഴി നമുക്കു് വോൾട്ടേജിനുപുറമേ ഫ്രീക്വൻസിയും  ക്രമീകരിക്കാം. 
BLDC ഫാനുകളിലെ മുഖ്യമായ ഒരു ഘടകം ഇത്തരം ഒരു വേരിയബിൾ  ഫ്രീക്വൻസി ഡ്രൈവ് സർക്യൂട്ടാണു്. ആവശ്യമുള്ള വേഗം എത്രയോ അതിനു്  ആനുപാതികമായ ഫ്രീക്വൻസിയും വോൾട്ടേജുമുള്ള കൃത്രിമ ത്രീ-ഫേസ് പോലെ  കണക്കാക്കാവുന്ന ഒരു DC മോട്ടോർ ആണു് BLDC motor. BL എന്നാൽ ബ്രഷ്‌ലെസ്സ്. 

സാധാരണ ഡീസി മോട്ടോറുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഭാഗത്തിനും ഒരു  വൈൻഡിങ്ങ് ആവശ്യമുണ്ടു്. അതിലേക്കു് വൈദ്യുതി പ്രവഹിപ്പിക്കാൻ ഒരു ബ്രഷ്  കോണ്ടാക്റ്റും വേണ്ടിവരും. എന്നാൽ സങ്കീർണ്ണവും തേയ്മാനസാദ്ധ്യതയുമുള്ള  ഇത്തരം ബ്രഷ് കോണ്ടാൿറ്റുകൾക്കു പകരം ബ്രഷ്‌ലെസ്സ് DC മോട്ടോറുകളിൽ,  അകത്തു്  കറങ്ങുന്ന ഭാഗത്തു് (റോട്ടോർ) സ്ഥിരകാന്തങ്ങളാണു്  ഉപയോഗിക്കുന്നതു്. ഈ വ്യത്യാസങ്ങൾ മൂലം BLDC മോട്ടോറിനു് നിർമ്മാണച്ചെലവും  വിലയും കൂടുതലായിരിക്കും.

ഇത്തരം  BLDC മോട്ടോർ ഉപയോഗിക്കുന്ന ഫാനുകളിൽ പഴയ തരം ഫാനുകളേക്കാൾ വളരെക്കുറച്ച്  ഊർജ്ജം മതി. ഏറ്റവും കുറഞ്ഞ സ്പീഡിൽ അതു് പത്തിലൊന്നുവരെ കുറയാം. (അതായതു്  50 വാട്ടിനുപകരം 5 വാട്ടു്). ഇതിനർത്ഥം, ദിവസേന 12 മണിക്കൂർ മിനിമം സ്പീഡിൽ  ഉപയോഗിക്കുന്ന ഒരു ഇൻഡൿഷൻ മോട്ടോർ ഫാൻ BLDC മോട്ടോർ ഫാൻ ആയി പകരം  വെയ്ക്കുകയാണെങ്കിൽ 50x12/1000 = ഏറ്റവും കുറഞ്ഞതു് 0.6 യൂണിറ്റിനു പകരം  0.06 യൂണിറ്റ് മതിയെന്നാണു്. അഥവാ, ഒരു ദിവസം വേണ്ടിവരുന്ന വൈദ്യുതികൊണ്ടു്  10 ദിവസം പ്രവർത്തിപ്പിക്കാം.

നമ്മുടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ അളവനുസരിച്ചു് യൂണിറ്റിനു്  ശരാശരി 5 മുതൽ 9 വരെ രൂപ വില കണക്കാക്കിയാൽ, ഫാനിന്റെ പഴക്കം മൂലം ദിവസേന ഒരു  യൂണിറ്റു ചെലവാക്കുന്നു എങ്കിൽ  ഏകദേശം ഒരു വർഷം കൊണ്ടു്  ഒരു BLDC  ഫാനിന്റെ വില വസൂൽ ആവും. ഗാർഹിക ഉപഭോക്താക്കളേക്കാൾ വ്യാപാരി-വ്യവസായി കണൿഷനുകൾക്കാണു് ഈ മുതൽമുടക്കു് കൂടുതൽ വേഗത്തിൽ വീട്ടിയെടുക്കാനാവുക.

BLDC ഫാനുകൾക്കു് മറ്റൊരു മെച്ചം കൂടിയുണ്ടു്. ഇതുവരെ പതിവുണ്ടായിരുന്ന തരം റെഗുലേറ്ററുകൾ ആവശ്യമില്ല. ഫാനിനേക്കാൾ കൂടുതൽ കേടുവരുന്നതും ചെലവു വരുന്നതും റെഗുലേറ്ററുകൾക്കാണു്. പകരം വളരെ സൗകര്യപ്രദമായ ഒരു റിമോട്ട് കണ്ട്രോൾ ഉണ്ടായിരിക്കും. ഏറ്റവും പുതിയ, അഥവാ ഇനിയും വരാനിരിക്കുന്ന, സ്മാർട്ട്  മോഡലുകളിൽ ചുമ്മാ വോയ്സ് കമാൻഡുകൾ വരെ ഉപയോഗിക്കാം.

അങ്ങനെയെങ്കിൽ, ഇപ്പോൾ ഒരു വിധം കുഴപ്പമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ആ പഴഞ്ചൻ ഇൻഡൿഷൻ മോട്ടോർ ഫാൻ എന്തു ചെയ്യും?
വെറുതെ  വലിച്ചെറിഞ്ഞുകളയണ്ട. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ മണിക്കൂർ  ഉപയോഗിക്കുന്ന മുറികളിലോ വരാന്തയിലോ മറ്റോ അവ മാറ്റി സ്ഥാപിക്കാം.  വൈൻഡിങ്ങ് കത്തിപ്പോയോ മറ്റോ തീരെ ഉപയോഗശൂന്യമാവുന്ന കാലം വരെയെങ്കിലും.

കേരളത്തിലെ മൊത്തം വൈദ്യുതോപഭാഗത്തിൽ ഫാനുകളുടെ മാത്രം പങ്കു് എത്ര ഭീമമാണെന്നറിയാമോ? ഇനിയും നാലോ അഞ്ചോ വർഷത്തിനുള്ളിൽ നാമെല്ലാം ഇലൿട്രിൿ വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങും. അപ്പോൾ ഇങ്ങനെ ലാഭിക്കുന്ന ഊർജ്ജം നമുക്കു് അവ ചാർജ്ജ് ചെയ്യാൻ ആവശ്യം വരും.

(എഴുതിയത് :  ViswaPrabha )

About this blog

Site Sponsors